വടക്കഞ്ചേരി: ഓരോ സർക്കാരുകൾ മാറിവരുമ്പോഴും എളവമ്പാടം പുന്നപ്പാടം കൊറ്റംകോട് മുരുകൻ തന്റെ വീട്ടിലെ അലമാരയിൽ നിധിപോലെ സൂക്ഷിച്ചിട്ടുള്ള ഭൂമിയുടെ രേഖകൾ പൊടിതട്ടി പരിശോധിക്കും.
37 വർഷമായി താൻ സൂക്ഷിച്ചുവരുന്നതു സ്വന്തമായി ഒരേക്കർഭൂമി ലഭിച്ചതിന്റെ രേഖ തന്നെയല്ലേയെന്നു ഭാര്യയോടുകൂടി സംശയംതീർത്ത് ഉറപ്പിക്കും.
തനിക്ക് ഓർമക്കുറവോ മറവിയോ ഇല്ലെന്നും താൻ പറയുന്നതു സത്യമാണെന്നും ഉറപ്പുവരുത്താൻകൂടിയാണ് മുരുകന്റെ ഈ പരിശോധന.
1988- ലാണ് ഭൂരഹിതയായ മുരുകന്റെ അമ്മ മാതു ഉൾപ്പെടെ സമീപപ്രദേശങ്ങളിലുള്ള നൂറിലേറെ പേർക്ക് ഒരേക്കർവീതം ഭൂമി നൽകിക്കൊണ്ടുള്ള ഉടമസ്ഥാവകാശരേഖ സർക്കാർ നൽകിയത്. ഭൂമിയുടെ വിലയായി അന്നത്തെ കളക്ടറുടെ നിർദേശപ്രകാരം 1988 സെപ്റ്റംബറിൽ 300 രൂപവച്ച് ഓരോരുത്തരും ആലത്തൂർ സബ് ട്രഷറിയിൽ അടച്ചതായും മുരുകൻ പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂമി നൽകുമെന്നും ഇതിനായി മംഗലംഡാം വില്ലേജിൽപ്പെട്ട കടപ്പാറയിൽ 150 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞിരുന്നത്.
ഇത്രയും വർഷങ്ങൾക്ക് മുമ്പായിരുന്നതിനാൽ ഇന്നത്തേതുപ്പോലെയുള്ള കാപട്യമോ രാഷ്ട്രിയക്കാരുടേയോ ഭരണക്കാരുടെയോ ചതിയോ അന്നുണ്ടായിരുന്നില്ലാത്തതിനാൽ അമ്മയ്ക്കൊപ്പം ഭൂരേഖ വാങ്ങാൻപോയ മുരുകനും അധികാരികളുടെ വാക്കുകൾകേട്ട് വിശ്വസിച്ചു.
എന്നാൽ കാലമേറെ കടന്നുപോയിട്ടും തങ്ങൾക്കനുവദിച്ച ഭൂമി എവിടെയാണെന്നുപോലും ഇതുവരെയും ഇവർക്ക് കാണിച്ചുകൊടുത്തിട്ടില്ല. കടപ്പാറ മലയിൽ ഇവർക്ക് വിതരണംചെയ്യാൻ പോകുന്ന ഭൂമിയുടെ ഏകദേശ സർവേ നമ്പറുംമറ്റും സംഘടിപ്പിച്ച് 30 വർഷംമുമ്പ് ഒരുദിവസം ഇവർ കുറച്ചുപേർ ചേർന്ന് കടപ്പാറയിലേക്ക് അനുവദിച്ച ഭൂമി കണ്ടുപിടിക്കാനായി മല കയറി.
എന്നാൽ ഇടയ്ക്കുവച്ച് പോലീസെത്തി ഇവരെ തടഞ്ഞു. ഭൂമി വിതരണത്തിനു സ്റ്റേയുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്. അങ്ങനെ അനുവദിച്ചു കിട്ടിയ ഭൂമി കാണണമെന്ന മോഹംപൊലിഞ്ഞ് ഇവർ തിരിച്ചുപോന്നു.
പിന്നെ സർക്കാരുകൾ മാറിമാറി വരുമ്പോൾ മുരുകനെപ്പോലെ ഓരോരുത്തരും ഇങ്ങനെ പഴയ ഭൂരേഖകൾ പരിശോധിച്ചു പൊടിതട്ടി നോക്കും.
അന്ന് ഭൂമിക്കു രേഖ ലഭിച്ചവരിൽ പലരും ഇന്നു ജീവിച്ചിരിപ്പില്ല. എങ്കിലും തലമുറകളിലൂടെ ഭൂരേഖ സൂക്ഷിക്കുന്നുണ്ട്. ഇത്രയും വർഷത്തെ കാത്തിരിപ്പിനും അടച്ച തുകയുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനാണ് 'ഭൂവുടമക'ളുടെ പുതിയ തീരുമാനം.
37 വർഷം മുമ്പ് 300 രൂപയ്ക്ക് നല്ല വിലയുള്ള കാലമായിരുന്നു. അതുസംഘടിപ്പിക്കാൻതന്നെ ഏറെ കഷ്ടപ്പെട്ടിരുന്നെന്നു മുരുകൻ പറയുന്നു. മതിയായ നഷ്ടപരിഹാരമോ വാഗ്ദാന ഭൂമിയോ നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.